ലോക് ഡൗണ്‍ കാലത്തെ ചിന്തകള്‍

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്..., ഒരു ആംബിയന്‍സിന് യൂട്യൂബില്‍ പാട്ടു വച്ച് കൊണ്ട് ജോലി ചെയ്യുന്നു. പാട്ടുകള്‍ മാറി മാറി ഒടുവില്‍ ദേവീ നിന്‍ ചിരിയില്‍ കുളിരോ, പാലൊളിയോ... എന്നു പാടാന്‍ തുടങ്ങി. ദേവീ എന്നുള്ള വിളിക്ക് വല്ലാത്ത ആകര്‍ഷണമാണ്. പ്രിയപ്പെട്ട പാട്ടുകളില്‍ ഒന്ന്. ഇഷ്ടമുള്ള പാട്ടുകള്‍ കേള്‍ക്കുമ്പോളെല്ലാം അതിലെ നായികയായി മാറുന്നത് എന്റെയൊരു ഹോബിയാണ്.
അങ്ങനെ രസിച്ചിരിക്കുമ്പോഴാണ് കൂടെയിരുന്നവന്‍, ഈ പാട്ടൊരു രക്ഷയുമില്ല, വെറുതേ മനുഷ്യനെക്കൊണ്ട് സ്വപ്‌നം കാണിക്കുമെന്നും പറഞ്ഞ് പുറകിലോട്ട് ചാഞ്ഞിരുന്നത്. യേശുദാസ് പാടുന്നത് കേട്ട് ഇവനെന്ത് സ്വപ്‌നം കാണാന്‍ എന്നായിരുന്നു എനിക്കാദ്യം തോന്നിയത്. ആ ഇതു കേട്ട് ഞാനും സ്വപ്‌നം കാണാറുണ്ടെന്ന് പറഞ്ഞപ്പോള്‍ അവനും അതേ സംശയം. "നിന്നെ ആരെങ്കിലും ഇങ്ങനെ ദേവീയെന്നു വിളിക്കുന്നതായാണോ നീ സ്വപ്‌നം കാണാറുള്ളത്...?" നടന്നതു തന്നെയെന്ന് റിഫ്ളക്‌സ് ആക്ഷന്‍ പോലെ ഒരു ഡയലോഗും.
അതോടെ ആ പാട്ടിന്റെ രസമങ്ങു പോയി. അതു ശരിയാണല്ലോ ഞാനെന്ത് തേങ്ങയ്ക്കാ അങ്ങനെ സ്വപ്‌നം കാണുന്നതെന്നാണ് ആദ്യം തോന്നിയത്. പിന്നെയത്, ശ്ശേ... എന്നെ കണ്ടാല്‍ അങ്ങനൊന്നും വിളിക്കാന്‍ തോന്നില്ലേയെന്നും, എന്നാലും ആരും വിളിക്കില്ലെന്ന് ഇവന് എങ്ങനെ പറയാന്‍ തോന്നിയെന്നും, ഉള്ളതാണെങ്കില്‍ തന്നെ ഇങ്ങനെയൊക്കെ പറയാമോയെന്നുമൊക്കെയുള്ള നിരാശയും സങ്കടവും കോംപ്ലക്‌സുമൊക്കെ നിറഞ്ഞ ചിന്തകളായി അങ്ങനെ പടര്‍ന്നു പോയി.
കാലം കുറേ കഴിഞ്ഞപ്പോള്‍ ആ നശിച്ച ചിന്തകളൊക്കെ ചത്തു പോയെങ്കിലും ആ പാട്ടു കേള്‍ക്കുമ്പോഴൊക്കെ ഒരൊറ്റ ഡയലോഗ് കൊണ്ട് ഞാനെടുത്തെറിയപ്പെട്ട സങ്കടത്തിന്റെയും നിരാശയുടെയും ചുഴികള്‍ ഇങ്ങനെ തെളിഞ്ഞു വരും....
*** *** ***
അതൊരു വല്ലാത്ത കാലമായിരുന്നു... നീ മരിച്ചാല്‍ ശവപ്പെട്ടിയുടെ അടപ്പ് ഈ പല്ലു കാരണം അടയാന്‍ ഇത്തിരി പാടായിരിക്കുമല്ലോയെന്നും, നിന്റെ വീട്ടില്‍ കണ്‍മഷി ഉണ്ടാക്കുന്നുണ്ടോയെന്നുമൊക്കെ ചോദിച്ച് ചിരിക്കുന്നവരും ഒരു ഫോട്ടൊ എഫ് ബിയിലിട്ടാല്‍, ഇതില്‍ നീയെവിടെ കാണാനില്ലല്ലോയെന്ന് കമന്റ് ചെയ്തിരുന്നവരുമെല്ലാം സുഹൃത്തുക്കളായിരുന്ന കാലം. സത്യത്തില്‍ അത്തരം ബോഡിം ഷെയിമിങ്ങിനോട് എങ്ങനെ പ്രതികരിക്കണമെന്ന് എനിക്കറിയില്ലായിരുന്നു. അതൊക്കെ കേട്ട് ദേഷ്യപ്പെടാനും വഴക്കിടാനുമൊക്കെ നിന്നാല്‍ ഞാന്‍ ഒറ്റപ്പെട്ടു പോകാനുള്ള സാധ്യതയെക്കുറിച്ചാണ് ഞാന്‍ ആലോചിച്ചിരുന്നത്.
എന്നെപ്പറ്റി എന്തു പറഞ്ഞാലും ഞാന്‍ കരയാറില്ല. പൊട്ടിക്കരഞ്ഞ് പോയിട്ടുള്ളത് എന്നെപ്പോലുള്ള മറ്റൊരു പെണ്‍കുട്ടിയെക്കുറിച്ച് സുഹൃത്ത് പറയുന്നത് കേട്ടാണ്. അവള്‍ വീട്ടിലുണ്ടെങ്കില്‍ ജനറേറ്റര്‍ വാങ്ങി വയ്‌ക്കേണ്ടിവരുമെന്ന ഒറ്റ ഡയലോഗ്. ജനിച്ചതില്‍ പിന്നെ എന്നെ കണ്ടിട്ടുള്ള സകലരെയും ഞാനാ സമയത്ത് അവനില്‍ പ്രതിഷ്ഠിച്ച് ആ ഡയലോഗ് പിന്നെയും പിന്നെയും കേട്ടു കൊണ്ടിരുന്നു.
പറയുന്നതിലെ ശരികേട് മനസ്സിലാക്കാതെയും അതൊക്കെ വലിയ രസമാണെന്ന് തെറ്റിദ്ധരിച്ചും അവരൊക്കെ പിന്നെയും അതൊക്കെ തുടര്‍ന്നു. കുറേക്കാലത്തോളം എന്റെ സുഹൃത്തുക്കളായി തന്നെ തുടരുകയും ചെയ്തു. അക്കാലത്തേതില്‍ നിന്ന് എനിക്കുണ്ടായിട്ടുള്ള ഏറ്റവും വലിയ മാറ്റമെന്താണെന്ന് ചോദിച്ചാല്‍ അജ്ജാതി വര്‍ത്തമാനം ആസ്വദിക്കുകയോ ആസ്വദിക്കുന്ന പോലെ പെരുമാറുകയോ ചെയ്യാറില്ലെന്നതാണ്. എന്റെ ആത്മാഭിമാനം വ്രണപ്പെടുത്തിക്കൊണ്ട് ചിരിക്കാന്‍ ഞാനൊരുത്തനെയും (എത്ര തിരഞ്ഞിട്ടും അതില്‍ സ്ത്രീകള്‍ ഒന്നുമില്ല) ഇപ്പോള്‍ അനുവദിക്കാറില്ല. ഇപ്പോഴും പലരും അത്തരത്തില്‍ സംസാരിക്കാന്‍ ശ്രമിക്കാറുണ്ടെന്നു കൂടി ചേര്‍ത്തു വായിക്കണം.
*** *** ***
മാധ്യമപ്രവര്‍ത്തനം തുടങ്ങുന്ന കാലം. മാനസികമായി വലിയ അടുപ്പമോ പറയത്തക്ക സൗഹൃദമോ ഇല്ലാത്ത ഒരു മുതിര്‍ന്ന സഹപ്രവര്‍ത്തകന്‍ എന്നോട് പറഞ്ഞത് എന്നെക്കണ്ടാല്‍ പേടിയാകുമെന്നാണ്. അതു കേട്ട് എനിക്ക് വലിയ സങ്കടമൊന്നും തോന്നിയില്ല.... എന്നെക്കണ്ടാല്‍ അങ്ങനെയൊക്കെയായിരിക്കും ഭൂരിപക്ഷം പേര്‍ക്കും തോന്നുകയെന്ന ഒരു ചിന്ത അന്നു ശക്തമായി തന്നെ ഉള്ളിലുണ്ടായിരുന്നു. എന്നാലും എന്തിനാണ് അങ്ങനെ പറഞ്ഞതെന്ന് ചിന്തിച്ചിരുന്നു. അന്നതിന് ഒരു മറുപടിയും പറയാന്‍ പറ്റാതെ പോയതില്‍ വലിയ സങ്കടമുണ്ടായിരുന്നു. ഒന്നും പറയാതെ അവഗണിച്ചത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്. ഇരുപത്തൊന്നോ ഇരുപത്തിരണ്ടോ വയസുള്ള ഒരാളോട് അങ്ങനെ പറഞ്ഞപ്പോള്‍ അയാള്‍ക്കെന്തു സന്തോഷമാണ് കിട്ടിയതെന്ന് ഞാനിപ്പോഴും ആലോചിക്കാറുണ്ട്.
അപ്പോള്‍ പറയാനുദ്ദേശിച്ചത് മറ്റൊന്നുമല്ല, ഇന്‍ഫീരിയോരിറ്റി കോംപ്ലക്‌സ് ഉണ്ടാകുന്ന വിധത്തില്‍ എന്നോട് പെരുമാറിയതിനു ശേഷം അങ്ങനെ കോംപ്ലക്‌സ് തോന്നാന്‍ പാടില്ലായിരുന്നു അതൊരു പക്വതയില്ലായ്മയാണ് എന്നു പറയുന്നവരോട് എനിക്ക് യാതൊരു മതിപ്പുമില്ല, മാത്രവുമല്ല പ്രതികരണം വളരേ വളരേ മോശവുമായിരിക്കും....
(കഥാപാത്രങ്ങളൊന്നും സാങ്കല്‍പ്പികമല്ല. എല്ലാരും പച്ച മനുഷ്യരാണ്.)

Comments

Popular posts from this blog

അയ്യന്‍ തിരുകണ്‍ഠന്‍

വെളുത്ത പൂക്കൾ

മന്ത്രവാദിനി