വെളുത്ത പൂക്കൾ

വെളുത്ത പൂക്കൾ മാത്രം വിരിഞ്ഞിരുന്ന പൂന്തോട്ട മായിരുന്നു എന്‍റേത്... വെളുത്ത റോസാ പൂക്കളും വെള്ള നിറമുള്ള പത്തു മണിപ്പൂക്കളും പേരറിയില്ലെങ്കിലും ഇപ്പോഴും പടർന്നു ചുറ്റി അഞ്ചിതളുള്ള വെള്ളപ്പൂക്കൾ വിരിയിക്കുന്നൊരു വള്ളിച്ചെടിയും പിന്നെ ഇന്നോ നാളെയോ മൊട്ടിടുമെന്ന് മോഹിപ്പിച്ച് ഇന്നോളം പൂക്കാതിരുന്നൊരു മുല്ലയും... 
അതിനു മുമ്പ് പല തവണ നട്ടിട്ടും പൊടിക്കാതിരുന്ന പത്തിരുപത്തൊന്ന്  ചുവന്ന റോസാത്തണ്ടുകളോട് പിണങ്ങിയാണ് പേരറിയാത്തൊരു ചെടിയുടെ തണ്ട് നനഞ്ഞ മണ്ണിലേക്ക് നട്ടു പിടിപ്പിച്ചത്. അധികം വൈകും മുൻപേ തന്നെ അതിന്‍റെ ഹൃദയം പോലുള്ള ഇലകൾ വാടി തളർന്ന് തല കുമ്പിട്ടു. ഞാനെത്ര വെള്ളമിറ്റിച്ചിട്ടും പിറ്റേന്ന് സൂര്യനുദിക്കും വരെ  മറ്റാരെയും വിശ്വസിക്കാനില്ലാത്ത പോലെ മണ്ണിനെ കെട്ടിപ്പിടിച്ച് പറ്റിച്ചേർന്ന് കിടന്നു. പക്ഷേ പിറ്റേ ദിവസം തളിച്ച വെള്ളം മുഴുവൻ കുടിച്ച് പതിയെ തലയുയർത്തി നോക്കി. അങ്ങനെ പോകെപ്പോകെ അതൊരിത്തിരി ഉയരത്തിൽ വളർന്ന് പച്ച ഇലകൾക്കിടയിൽ കടും ചുവപ്പുനിറമുള്ള പൂക്കൾ വിരിയിച്ചു. ഒരു പ്രതീക്ഷയുമില്ലാതിരുന്ന കാലത്ത്  ആ കുഞ്ഞു ചെടി മൊട്ടിട്ടപ്പോഴും പൂവിട്ടപ്പോഴുമായിരുന്നു ഞാനേറ്റവും സന്തോഷിച്ചിരുന്നത്. 







അത്രയും ഭംഗിയുള്ള മറ്റൊന്നുമില്ലെന്ന പോലെ ആ ചെടിയെയും പൂക്കളെയും ഞാൻ നോക്കി നോക്കി നിന്നു... അതാണെങ്കിൽ കുനുകുനെ മൊട്ടിട്ട് ദിവസവും പൂ വിരിയിച്ചു. എന്നും രാവിലെ പ്രണയത്തെ ഓർക്കുന്നതിനു പകരം ഞാനെഴുന്നേറ്റ് മുറ്റത്തിന്‍റെ അരികിലേക്ക് നോക്കി...
 അന്നും പതിവു പോലെ ഇലക്കൂട്ടിലെ പൂക്കൾ മനസിൽ  പ്രതീക്ഷിച്ചായിരുന്നു എത്തിയത്. പക്ഷേ അന്ന് ചുവപ്പിന് തിളക്കം കൂട്ടാൻ പച്ച ഇലകളുണ്ടായിരുന്നില്ല, മൊട്ടയടിച്ച പോലെ ഇലകളില്ലാത്ത പച്ചത്തണ്ടുകൾ. അതിനിടയിലൂടെ ഇഴയുന്ന പച്ച പുഴുക്കളും . പിന്നെയെന്തോ ആ ചെടി പഴയ പോലെ പൂത്തു ചിരിച്ചില്ല. പതിയെ അതങ്ങ് വാടിക്കരിഞ്ഞുപോയി. പിന്നെ എത്ര തിരഞ്ഞിട്ടും മറ്റെങ്ങും ഞാനാ പൂക്കളെ കണ്ടില്ല. പേരറിയാത്ത ചെടിക്കൊപ്പം എന്‍റെ ചെറിയ പൂന്തോട്ടവും കരിഞ്ഞു പോയി. ആരെയും ശ്രദ്ധിക്കാതെ ആ വള്ളിപ്പടർപ്പ് മാത്രം പിന്നെയും ചുറ്റിപ്പിണഞ്ഞ് വളർന്ന് വെളുത്ത നക്ഷത്ര പൂക്കൾ വിരിയിച്ചു 

Comments

Popular posts from this blog

അയ്യന്‍ തിരുകണ്‍ഠന്‍

മന്ത്രവാദിനി