മന്ത്രവാദിനി




ഞാനൊരു
മന്ത്രവാദിനിയാകാതിരുന്നത്
നിന്‍റെ മാത്രം ഭാഗ്യമാണ്
അല്ലായിരുന്നുവെങ്കില്‍ 
നിന്‍റെ പൂർവജന്മങ്ങളിലേക്ക് ചൂഴ്ന്നിറങ്ങി 
നിന്നിലേക്ക് വിടര്‍ന്നുലഞ്ഞു നില്‍ക്കുന്ന 
സകല പ്രണയങ്ങളെയും
ഓര്‍മകള്‍ പോലുമവശേഷിപ്പിക്കാതെ
വേരടക്കം പിഴുതെടുത്ത് 
വസന്തമെത്തി നോക്കാത്ത 
ബോണ്‍സായ് ചെടികളാക്കി 
എന്റെ വീടിന്‍റെ പിന്നാമ്പുറത്ത് തളച്ചിട്ടേനെ.


നിന്‍റെ ഭാവിയിലേക്ക് പറന്നിറങ്ങി
നിന്നിലേക്കെത്താനായി ഒരുങ്ങുന്ന 
പൂമരത്തൈകളെയെല്ലാം 
വിത്തുകളിലേക്ക് തന്നെ ആവാഹിച്ച് 
വെള്ളവും മണ്ണും ജീവവായുവും 
എത്താത്ത വിധം 
എന്‍റെ പത്തായത്തിലെ 
ഇരുട്ടറയില്‍ ഇട്ടു പൂട്ടിയേനെ.


എന്‍റെ മന്ത്രവടി ചുഴറ്റി
വസന്തമെന്നാല്‍ 
ഞാന്‍ മാത്രമാണെന്ന് നിന്നെ
തെറ്റിദ്ധരിപ്പിച്ചേനെ.
നിനക്കു വേണ്ടി മാത്രമായി 
എന്‍റെ വിരല്‍ത്തുമ്പില്‍ നിന്ന്,
എത്രത്തോളം ഒഴുകണമെന്നറിയാത്ത 
നീരുറവകളും
എപ്പോഴലിയണം എന്നറിയാത്ത
മഞ്ഞു പരലുകളും
എന്നസ്തമിക്കണമെന്നറിയാത്ത
സൂര്യചന്ദ്രന്മാരും പിറന്നേനെ.
നീ വിടര്‍ത്തുന്ന പൂക്കളെല്ലാം
എന്‍റെ മുടിച്ചുരുളില്‍ മാത്രം
കുരുങ്ങിക്കിടന്നേനെ.



എന്‍റെ മായാജാലങ്ങള്‍ക്ക് 
ശക്തി പോരാതെ വന്നാല്‍
നീ യാഥാര്‍ഥ്യങ്ങളിലേക്ക് 
ഉണരുമോയെന്ന് ഭയന്ന് 
പുതിയ മന്ത്രങ്ങള്‍ തേടി അലഞ്ഞേനെ.
എന്നിട്ടും ഭയം തീരാതെ
നിന്നെ പൂട്ടിയിടാന്‍ ഒരു കോട്ടയും
ഉറക്കിക്കിടത്താന്‍ മായാലേപനവും 
തയാറാക്കി വച്ചേനെ.

ഞാനൊരു മന്ത്രവാദിനിയാകാതിരുന്നത്.
എന്‍റെയും  കൂടി ഭാഗ്യമാണ് 
അല്ലായിരുന്നെങ്കില്‍ 
നിന്നിലേക്ക് എത്താതെ 
സകലതിനെയും തടഞ്ഞ് തടഞ്ഞ്
എനിക്കു നിന്നെ സ്‌നേഹിക്കാന്‍ 
സമയമില്ലാതെ വന്നേനെ.

Comments

Popular posts from this blog

അയ്യന്‍ തിരുകണ്‍ഠന്‍

വെളുത്ത പൂക്കൾ