ചുള്ളിക്കാടിനോടൊപ്പം അല്‍പ്പ നേരം....
സിവില്‍ സ്റ്റേഷന്റെ താഴത്തെ നിലയില്‍ ആള്‍ത്തിരക്കേറി വരുന്നേയുണ്ടായിരുന്നുള്ളൂ. കാലൊടിഞ്ഞ ബഞ്ചുകളും ഡസ്‌കുകളും കൂട്ടിയിട്ട പൊടി പിടിച്ച ഇടനാഴിയിലൂടെ പതിവു പോലെ കൈ നിറയെ കടലാസുകളും മുഖം നിറയെ ആശങ്കകളുമായി പരസ്പരം അറിയാത്ത ഒരുപാടു പേര്‍... അവര്‍ക്കിടയില്‍ ആള്‍ക്കൂട്ടത്തില്‍ ഒരാളെന്ന പോലെ കൈയിലൊരു ബാഗുമായി ബാലചന്ദ്രന്‍ ചുള്ളിക്കാടും. രജിസ്റ്ററില്‍ ഒപ്പു വച്ച് പതിവു പോലെ ട്രഷറി എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗത്തിലെ ചുമരിനോട് ചേര്‍ന്ന ജൂനിയര്‍ സൂപ്രണ്ടിന്റെ സീറ്റിലേക്ക്. ഇന്നിത് അവസാന ദിവസമാണ് . ഇരുപത്താറ് വര്‍ഷത്തെ സേവനത്തിനു ശേഷം ചുള്ളിക്കാടിന്റെ സര്‍ക്കാര്‍ ജീവിതത്തിന് പൂര്‍ണ്ണവിരാമം.
മേശപ്പുറത്തെ കടലാസുകളിലേക്ക് മുഖം പൂഴ്ത്തുന്നതിനിടെ സഹപ്രവര്‍ത്തകരുടെ കസേരകളും നിറഞ്ഞു. സംസാരവും ജോലിയുമായി ഒരു സാധാരണ ഓഫീസ് ദിനം. സിവില്‍ സ്‌റ്റേഷനകത്ത് ചുള്ളിക്കാട് ജ്വാലയാളുന്ന വരികള്‍ കൊണ്ട് മനസ്സു പൊള്ളിച്ച കവിയല്ല. സഹപ്രവര്‍ത്തകരോട് വാതോരാതെ നാട്ടുകാര്യങ്ങള്‍ പറയുകയും ഓര്‍മകള്‍ പങ്കു വക്കുകയും ചെയ്യുന്ന ഒരു സാധാരണ മലയാളി.ഒപ്പം ജോലി ചെയ്തവരുടെ വിശേഷങ്ങള്‍ പറയുന്നതിനിടെ സംസാരം പഴയകാലത്തിലേക്ക്. ട്രഷറിയില്‍ ജൂനിയര്‍ അക്കൗണ്ടന്റായി പ്രവേശിക്കുമ്പോള്‍ എറണാകുളത്തായിരുന്നു ഓഫീസ്. പിന്നീട് കാക്കനാടേക്കു മാറ്റി. കാക്കനാട് ആദ്യം പ്രവര്‍ത്തനമാരംഭിച്ച സര്‍ക്കാരോഫീസായിരുന്നു ട്രഷറി അല്ലേ, ഓര്‍മകള്‍ക്ക് സഹപ്രവര്‍ത്തകയുടെ ഉറപ്പ് തേടി ചുള്ളിക്കാട്. അന്നൊരു ലോറിയിലോ ടെമ്പോയിലോ മറ്റോ ആയിരുന്നു ആദ്യമായി ഇങ്ങോട്ടു വന്നത്.ചുറ്റും കാടായിരുന്നു. അടുത്തെങ്ങും ആള്‍താമസം പോലുമില്ല. ഓഫീസ് ഇങ്ങോട്ടുമാറ്റിയ ദിവസങ്ങളില്‍ ചുറ്റിലും കുറുക്കന്റെ കൂവല്‍ കേട്ട് പേടിച്ച കഥ ചുള്ളിക്കാട് പറഞ്ഞപ്പോള്‍ കേട്ടിരുന്നവര്‍ക്ക് ചിരി . ടാറിടാത്ത വെട്ടുവഴികള്‍ ഒരൊറ്റ ബസ്മാത്രം. നടന്നായിരുന്നു അന്ന് യാത്രയൊക്കെ. പിന്നെ തൃശൂര്‍, മട്ടാഞ്ചേരി, മൂവാറ്റുപുഴ അങ്കമാലി അങ്ങനെ കുറേയിടങ്ങളില്‍ ചുറ്റിക്കറങ്ങി ഒടുവില്‍ കാക്കനാടു തന്നെയെത്തി. നീണ്ട ഇരുപത്തിയാറു വര്‍ഷത്തെ ഉദ്യോഗസ്ഥ ജീവിതത്തിന് തുടങ്ങിയിടത്തു തന്നെ വിരാമം.
പൊതു പണത്തിന്റെ കണക്കുസൂക്ഷിക്കല്‍.. കവിതയുടെ ലാഞ്ചന തൊട്ടുതീണ്ടാത്ത ജോലി. 1987 ഒക്ടോബര്‍ 28നായിരുന്നു ജോലിയില്‍ പ്രവേശിച്ചത്. അഞ്ചു രൂപയുടെ കുറവുണ്ടായാലും ഉദ്യോഗസ്ഥര്‍ ക്രിമിനല്‍ കേസില്‍ പ്രതിയാകും. അത്ര മേല്‍ ഉത്തരവാദിത്വമുള്ള ജോലി .കവിയായും അഭിനേതാവായും മലയാളികളുടെ മനസ്സില്‍ നിറഞ്ഞ ചുള്ളിക്കാട് ട്രഷറിയിലെ ജോലിയെക്കുറിച്ച് വാചാലനായി. എല്ലാവര്‍ക്കുമെന്ന പോലെ ജോലി എപ്പോഴും സമ്മര്‍ദ്ദം ആയിരുന്നു. എങ്കിലും എഴുത്തു ജീവിതത്തില്‍ ഒരിക്കലും ജോലിയുടെ സമ്മര്‍ദ്ദം ബാധിച്ചിട്ടില്ല. രണ്ടും രണ്ടായി തന്നെ നിന്നു.ഇത്രയും നാള്‍ ഇത്രയും ഉത്തരവാദിത്വമുള്ള ജോലിയില്‍ തുടരാന്‍ സഹായിച്ചത് സഹപ്രവര്‍ത്തകരാണ് അവരുടെ സഹകരണവും സ്‌നേഹവും ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എന്നേ ഈ ജോലി ഉപേക്ഷിച്ചു പോയേനെയെന്ന് ചുള്ളിക്കാട്.
എല്ലാവര്‍ക്കുമുള്ളപോലെ വലിയ സര്‍വീസ് കഥകളൊന്നുമില്ല പറയാന്‍ . കണക്കുകളും കാര്യങ്ങളുമായി എന്നും ഒരേ ജോലി തന്നെ . എങ്കിലും വിരമിക്കുമ്പോള്‍ അല്‍പ്പം സങ്കടമുണ്ട് ഒരുപാട് നാള്‍ ചെയ്തുകൊണ്ടിരുന്ന ജോലി ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ അവരെയൊക്കെ വിട്ടു പോവുകയാണെന്നാലോചിക്കുമ്പോഴാണ് ചെറിയ വിഷമം. സംസാരം നിര്‍ത്തി ഇടക്കു പുറത്തിറങ്ങിയപ്പോഴും കുശലാന്വേഷണവുമായി പരിചയക്കാരെത്തി. ആരെയും നിരാശപ്പെടുത്താതെ വിശേഷങ്ങള്‍ പറയുന്നിതിനിടെ നിറ ചിരിയോടെ കൂട്ടിച്ചേര്‍ത്തു ഞാന്‍ ഇന്നു കൂടിയേയുള്ളു. ഇന്നത്തോടെ നിര്‍ത്തുകയാണ്..
വിശ്രമ ജീവിതം എങ്ങനെ ചെലവഴിക്കുമെന്ന കാര്യത്തില്‍
ചുള്ളിക്കാടിന് ഒരു സംശയവുമില്ല ..വായന
മാത്രം..സമയമില്ലാത്തതു കൊണ്ട് മാത്രം
വായിക്കാനാവാഞ്ഞ ഒരു പാട് പുസ്തകങ്ങളുണ്ട് കയ്യില്‍ അതെല്ലാം വീട്ടില്‍ തന്നെയിരുന്ന് വായിച്ചു തീര്‍ക്കണം . ഒരു കണക്കിന് പറഞ്ഞാല്‍ അതെല്ലാം വായിച്ചു തീര്‍ക്കാനുള്ള ആയുസ്സേ ഇനി ബാക്കിയുള്ളൂ എന്നും പറയാമെന്ന് ചുള്ളിക്കാട്. അതിനിടയില്‍ അഭിനയിക്കേണ്ടി വന്നാല്‍ അഭിനയിക്കും അത്രമാത്രം. ഇടക്കൊരാള്‍ വായനക്കാരുടെ പ്രതീക്ഷയെക്കുറിച്ച് ചോദിച്ചപ്പോള്‍ അറിയാതെ കവിയുടെ ഉള്ളില്‍ നിന്നും ഇനിയും അവശേഷിക്കുന്ന അഗ്നിജ്വാലകള്‍ പുറത്തു ചാടി. ആരുടെയും പ്രതീക്ഷക്കൊത്ത് എഴുതാനൊന്നും കഴിയില്ല എനിക്കല്ല ആര്‍ക്കും അതിനു കഴിയില്ല. അമ്പത്താറാം വയസ്സിലും യുവത്വം തുടിക്കുന്ന ശബ്ദം സിവില്‍ സ്‌റ്റേഷന്റെ ചുമരുകളില്‍ തട്ടി പ്രതിദ്ധ്വനിച്ചു. മുടിയില്‍ വെള്ളിരേഖകള്‍ വീണെങ്കിലും ചുള്ളിക്കാട് മലയാളികള്‍ക്കിന്നും രോഷം കൊള്ളുന്ന യുവാവാണ്. ഓഫീസ് മുറിക്കുള്ളിലേക്ക് കവിയെ തേടി പല സെക്ഷനുകളില്‍ നിന്നായി പരിചയക്കാരെത്തി. കവിതയുടെയും അഭിനയത്തിന്റെയും ഇടയില്‍ അധികമാരുമറിയാതെ പോയ ചുള്ളിക്കാടിന്റെ സര്‍ക്കാര്‍ ജീവിതത്തിലെ അവസാന ദിനത്തില്‍ ഒരുമിച്ചിരുന്നു
സംസാരിക്കാന്‍.
(മെട്രൊ വാര്‍ത്ത ലൈഫില്‍ പ്രസിദ്ധീകരിച്ചത്)
ആകസ്മികമായി വീണു കിട്ടിയ അല്‍പ്പസമയത്തിനിടയില്‍ ചുറ്റും കൂടിനിന്ന പത്രക്കാര്‍ പിരിഞ്ഞു പോയതിനു ശേഷവും മടുപ്പില്ലാതെ മറ്റു പത്രക്കാരോടു പറയാന്‍ വിട്ടു പോയ വിശേഷങ്ങളെകുറിച്ചെല്ലാം അദ്ദേഹം എന്നോടു സംസാരിച്ചു കൊണ്ടിരുന്നു. സിവില്‍ സ്റ്റേഷനിലേക്കുള്ള യാത്രക്കിടയില്‍ കവിയുടെ മയമില്ലാത്ത സ്വഭാവത്തെകുറിച്ച് പറഞ്ഞു കേട്ട കഥകളുമായി ഉള്ളില്‍ ചെറിയ ഭയവുമായി ചെന്ന എനിക്കതൊരു വിസ്മയം തന്നെയായിരുന്നു. സിവില്‍ സ്റ്റേഷന്റെ ഇടനാഴിയിലൂടെ ഫോട്ടോക്കു പോസ് ചെയ്യുവാനായി പല തവണ നടന്ന് അദ്ദേഹം വീണ്ടും ഞെട്ടിച്ചു. സംസാരത്തിനൊടുവില്‍ എന്നെ നല്ലൊരു സുഹൃത്തായി കാണണം എവിടെ കണ്ടാലും വന്നു സംസാരിക്കണമെന്നു കൂടി പറഞ്ഞായിരുന്നു അദ്ദേഹം അഭിമുഖം അവസാനിപ്പിച്ചത്. പത്രപ്രവര്‍ത്തന കാലത്തിനിടയില്‍ ആലോചിക്കുമ്പോള്‍ ഇത്രയും സന്തോഷവും സംതൃപ്തിയും തോന്നിയ മറ്റൊരു ദിവസവുമില്ല ഫീച്ചറുമില്ല.
moments with the legend...it was really like a dream
ReplyDeleteഎന്നിട്ടു പടമാക്കി, അത്രേയുള്ളൂ...?
ReplyDeleteവായിക്കാന്‍ പറ്റുന്നുണ്ടോ...ഫോണ്ട് പ്രശ്‌നമുണ്ടായിരുന്നു
Delete