.മഴയില്‍ വന്നു പോയവര്‍...
അക്കാദമിയുടെ നേരിയ ഇരുട്ട് പടര്‍ന്ന ഇടനാഴിയില്‍ നിന്ന് പുറത്തു തോരാതെ പെയ്യുന്ന മഴയെ വക വയ്ക്കാതെ ലോകം മുഴുവന്‍ കീഴ്മേല്‍ മറിക്കുന്ന ചര്‍ച്ചകളുമായി മുന്നേറിയ ദിനങ്ങള്‍ .പത്രപ്രവര്‍ത്തനത്തിന്റെ നേരും നെറിയും ചൂടും നിറഞ്ഞു നില്‍ക്കുന്ന കേരള പ്രസ് അക്കാദമിയെന്ന വിശേഷങ്ങളുടെ താഴ്വരയിലേക്ക് ഞങ്ങള്‍ കടന്നു വന്നതും ഒരു തുലാ വര്‍ഷത്തിന്റെ ചുവടു പിടിച്ചായിരുന്നു. അധികമൊന്നും പരിചയമില്ലാത്ത മേഖല , ജീവിതത്തില്‍ ആദ്യമായി പരസ്പരം കാണുന്ന കുട്ടികള്‍... ഒരോണം ഒരു വിഷു ഒരു ക്രിസ്മസ് അങ്ങനെയെല്ലാം ഒരിക്കല്‍ മാത്രം ഒരുമിച്ച് ആഘോഷിക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു ഞങ്ങള്‍.ഒരാണ്ടത്തെ സൌഹൃദക്കാലത്ത് മഴ മാത്രം പല പ്രാവശ്യം വന്നു പോയി .തുലാവര്‍ഷമായും, ഇടവപ്പാതിയായും കര്‍ക്കടക പേമാരിയായും ..... ഓരോ തുള്ളികളിലും ഓരോ കഥ പറയുന്ന മഴ പോലെ തന്നെയായിരുന്നു അക്കാദമിയിലെ ക്ലാസ്സുകളും. ഓരോ ദിവസവും ഓരോ വിശേഷങ്ങള്‍ ഓരോരുത്തരും ഓരോ സംഭവങ്ങള്‍ ....
രണ്ടടി നടന്നാല്‍ എത്തുന്ന ഹോസ്റ്റലില്‍ നിന്നും എന്നുമെന്നും നേരം വയ്കിയെത്തി നനഞ്ഞ അക്കാദമി ക്കുന്നിന്റെ ചരുവിലൂടെ ഇന്ന് വീഴും അല്ലെങ്കില്‍ നാളെയെങ്കിലും വീഴും എന്ന് ഭയന്ന് ധൃതി പിടിച്ചെത്തിയ ദിവസങ്ങള്‍ . മഴയോടൊപ്പം കൂട്ട് കൂടാനെത്തിയ കൊതുകുകളെ തട്ടിയകറ്റി പത്രങ്ങളിലേക്ക് മുഖം പൂഴ്തുമ്പോഴേക്കും പ്രായത്തിന്റെ പരാധീനതകളെ വെല്ലു വിളിച്ചു കൊണ്ട് സത്യന്‍ സാറെത്തിയിരിക്കും. എന്നോടടുതിരിക്കൂ എത്രയും അടുത്തിരുന്നാല്‍ അത്രയും സന്തോഷം എന്ന് സാവധാനത്തില്‍ പറഞ്ഞു ലോകം മുഴുവന്‍ കീഴടക്കുന്ന പൊട്ടിച്ചിരിയുമായി സത്യവ്രതന്‍ എന്ന പത്ര പ്രവര്‍ത്തകന്‍ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി. പിന്നെയൊരു സായാഹ്നത്തില്‍ ചുണ്ടില്‍ നേരിയ പുഞ്ചിരിയുമായി അക്കാദമിയില്‍ നിന്നും പിന്നെ ഈ ലോകത്ത് നിന്നും യാത്ര പറഞ്ഞപ്പോള്‍ സത്യവ്രതന്റെ അവസാനത്തെ ശിഷ്യര്‍ എന്നാ മേലാപ്പ് ഞങ്ങള്‍ക്ക് പതിച്ചു കിട്ടിയിരിന്നു .മഴയുടെ താളം പോലെ തന്നെയായിരുന്നു അക്കാദമിയിലെ ദിനങ്ങളും. പുറത്തെ മന്താരത്തെ ഉലച്ചു കൊണ്ട് ആഞ്ഞു പെയ്യുന്ന മഴയുടെ ആരവത്തെക്കാള്‍ ശബ്ദമായിരുന്നു അക്കാദമിയിലെ സൌഹൃദത്തിന്. ഒരു ജീവിതത്തിന്റെ മുഴുവന്‍ വിശേഷങ്ങളും പറഞ്ഞു തീര്‍ക്കാനുള്ള ആവേശം . അതില്‍ കുറെയൊക്കെ പറഞ്ഞു, കുറെയൊക്കെ പറയാതെ ബാക്കി വച്ചു. മഴയില്‍ പെട്ടെന്ന് പൊട്ടി മുളക്കുന്ന താളും തകരയും പോലെ ഒത്തിരി സൌഹൃദങ്ങളും പ്രണയങ്ങളും പൊട്ടിമുളച്ചു. ചിന്തകളിലും സ്വപ്നങ്ങളിലും വ്യത്യസ്തത നിറച്ച് ജീവിതം തന്നെ വ്യത്യസ്തമാക്കാന്‍ കൊതിച്ച യുവത്വത്തെ ക്രിയറ്റിവിറ്റി യുടെ അതിരുകളില്ലാത്ത ലോകത്തേക്ക് നയിച്ച ക്ലാസുകള്‍. ഇരുട്ട് പടര്‍ന്ന ക്ലാസ്സ് മുറിക്കുള്ളില്‍ വര്‍ഷങ്ങളുടെ കഥകള്‍ എഴുതിപിടിപ്പിച്ച കസേരകളില്‍ ഇരുന്നു എഡിറ്റിങ്ങിന്റെയും റിപോര്‍ട്ടിങ്ങിന്റെയും ബാലപടങ്ങള്‍ കുത്തിക്കുറിക്കുമ്പോള്‍ ഇടക്കെല്ലാം സാറിന്റെ കണ്ണ് വെട്ടിച്ചു പുറത്തേക്കു വീഴുന്ന കാഴ്ചകളിലും മഴയുടെ കുസൃതിയുണ്ടായിരുന്നു. കേരളം കണ്ട എക്കാലത്തെയും മികച്ച പത്രപ്രവര്തകര്‍ക്കൊപ്പം ആനുകാലിക പ്രശ്നങ്ങളും ചരിത്രവും കൂട്ടിക്കുഴച്ച് വാര്‍ത്തയുടെ മേച്ചില്‍ പുറങ്ങളില്‍ അലയുമ്പോഴും പുറത്തു ആര്‍ത്തു പെയ്യുന്ന മഴയില്‍ കണ്ണുകളുടക്കി... ഇടക്കെല്ലാം മെനക്കെട്ട് ക്ലാസ്സെടുക്കുന്ന സാറിന്റെ ശകാരങ്ങളും ഞങ്ങളെ തേടിയെത്തി. ചീ റിയടിച്ചെത്തുന്ന മഴയില്‍ ആകെ നനഞ്ഞു തണുത്ത് വിറച്ചിരുന്നു അസയന്മെന്റുകള്‍ തീര്‍ക്കുമ്പോള്‍ ക്ലാസിനു പുറകില്‍ നിവര്‍ത്തി വച്ചിരുന്ന കുടകള്‍ തമ്മില്പോലും സൗഹൃദം മുളച്ചു.ന്യൂസ് പ്ലാന്നിങ്ങും പത്ര നിര്‍മാണവുമായി ക്ലാസ്സ് മുറികളിലേക്ക് ഗൌരവം ചേക്കെറിയപ്പോഴും ഉള്ളം കുളിര്‍പ്പിക്കാന്‍ ചാറ്റല്‍മഴ കൂട്ടിനെത്തി. അക്കാദമിയിലെ നനഞ്ഞ പുല്ലില്‍ ചവുട്ടി മുരുകണ്ണന്റെ ഇടച്ചയക്ക് വേണ്ടി കാത്തു നിന്ന ദിവസങ്ങള്‍ ഒരു മഴ തോരും പോലെ തോര്‍ന്നു പോയി . മഴയെപ്പോഴും അങ്ങനെയാണ് അപ്രതീക്ഷിതമായി ആര്‍ത്തു പെയ്യും ആകെ നനച്ചു പെയ്യും പിന്നെ ആരോടും അനുവാദം ചോദിക്കാതെ അകന്നു പോകും. ... മനസ്സിലപ്പോഴും നനവൂറുന്ന ഓര്‍മകള്‍ ബാക്കി നില്‍ക്കുമെന്ന് മാത്രം , ഈ പഴയ അക്കാദമി ദിനങ്ങള്‍ പോലെ ..................
this is suuuuuuuuuuuper yyyyyyaaaaaaaaaaarrrrrrrrrrrrrrr.....................
ReplyDelete