പ്രണയത്തിലകപ്പെടുമ്പോള്‍...


ഒരുവള്‍ പ്രണയത്തിലകപ്പെടുമ്പോള്‍
ഹൃദയത്തില്‍ തേന്‍ തട്ടിത്തൂവുന്നതിനൊപ്പം
മനസില്‍ മുളച്ചു പൊന്തിയേക്കാവുന്ന
അക്ഷരങ്ങളുടെ നാമ്പുകള്‍ ഒളിപ്പിക്കാന്‍
തലച്ചോറില്‍ ഒരു ചില്ല് ഭരണി കൂടി 
എടുത്തു വയ്ക്കും...

പ്രണയത്തിലകപ്പെടുമ്പോള്‍ മുതല്‍ 
അക്ഷരങ്ങളെ ഭയമായിരിക്കും.
അളന്നു മുറിച്ചെടുക്കുമ്പോള്‍ 
ഏറെ പ്രിയപ്പെട്ടവയെങ്കിലും 
സ്വതന്ത്രരാക്കാന്‍ സാധിക്കാതെ 
വരുന്ന അക്ഷരങ്ങള്‍... 
അങ്ങനെ കൂമ്പി മുള പൊട്ടി വരുമ്പോള്‍ 
തന്നെ പറിച്ചെടുക്കപ്പെടുന്നവ
ഒരിക്കല്‍ മാത്രം ഒന്നു തഴുകി ഉമ്മ വച്ച് 
ചില്ല് പാത്രത്തിലേക്ക് പകര്‍ത്തുന്നവ,
കണ്ണാടിപ്പാത്രത്തിനുള്ളില്‍  
ചിലപ്പോള്‍ ഒരുമിച്ച് നിന്ന് മോഹിപ്പിച്ചും 
മറ്റു ചിലപ്പോള്‍ ചിതറിക്കിടന്ന് കുഴക്കിയും
ഇല്ലാത്ത കാറ്റില്‍ ആടിയുലയുന്ന അക്ഷരങ്ങള്‍....

ചില്ലുപാളിയ്ക്കപ്പുറം
അക്ഷരത്തിന്റെ നാമ്പുകൾ
മോഹിപ്പിക്കും...
അതിലേറെ ഭയപ്പെടുത്തും..
ഒരൽപ്പം ഇടം കിട്ടിയാൽ
പാഴ് വള്ളികൾ പോലെ
അന്തരീക്ഷത്തിലേക്ക്
ചുറ്റിപ്പടര്‍ന്ന് പൂ വിടര്‍ത്തി
നമുക്കിടയിലെ അരുതായ്മകളുടെ
സുഗന്ധം പരത്തുമോയെന്ന്,
ചുരുളന്‍ വള്ളികള്‍ കൊണ്ട്
അകലേക്ക് ചുറ്റിപ്പിടിച്ച്
ഭൂതകാലത്തെ പിടിച്ചടുപ്പിച്ച്
പഴയ രാപ്പകലുകള്‍ പോലുള്ള
തേൻ കനികൾ വിളയിക്കുമോയെന്ന്
വേരുകള്‍ ഹൃദയവും കവിഞ്ഞ്
ആത്മാവിലേക്ക് ആഴ്ന്നിറങ്ങുമോയെന്ന്..
പിന്നെ....
നമുക്കിടയിലെ ചെടിപ്പുകളും
സ്വാര്‍ഥതയും, സ്‌നേഹരാഹിത്യവും
തെളിഞ്ഞു വരുമോയെന്ന്...



പ്രണയത്തില്‍ നിന്ന് പുറത്തു വരുമ്പോള്‍
മറ്റനേകം തകര്‍ച്ചകള്‍ക്കൊപ്പം
വക്കോളം അക്ഷരങ്ങൾ പറ്റിപ്പിടിച്ച്
നിറഞ്ഞു ഭാരം വച്ച 
ചില്ലുഭരണിയും പൊട്ടിച്ചിതറും.
പറയാൻ മറന്നതും, ഭയന്നതും, 
വേണ്ടെന്നു വച്ചതുമെല്ലാം
അറ്റം കൂർത്ത ചില്ലു കഷണങ്ങൾ പോലെ
തൊടുന്നതിനെയെല്ലാം മുറിവേൽപ്പിച്ച് 
തഴച്ചു വളരും... 
അങ്ങനെയൊരു അക്ഷരച്ചോർച്ചക്ക്, 
നാമിരുവരും 
ഇനിയടുക്കാൻ ഇടമില്ലാത്തത്രയും 
അടുപ്പമുള്ള,
അപരിചിതരായി മാറും വരെ 
കാത്തിരിക്കണമെന്നു മാത്രം....




Comments

Popular posts from this blog

അയ്യന്‍ തിരുകണ്‍ഠന്‍

വെളുത്ത പൂക്കൾ

മന്ത്രവാദിനി