അന്നത്തെ പോലെ വെട്ടു വഴിയിലേക്ക് ഇരുൾ വീഴുന്നതും
ഒരു പകലിന്‍റെ മുഴുവൻ കാത്തിരുപ്പും
അലിയിച്ചു ചേർത്ത  സുഗന്ധവുമായി
പുല്ലാനി പ്പൂക്കൾ വിടർന്നു തുടങ്ങുന്നതുമറിയാതെ  
മണിക്കൂറുകളോളം  വഴിയോരത്ത് നിന്ന് വർത്തമാനം പറയാനാവില്ല...
വീട്ടിൽ നിന്‍റെ മകൻ ചിലപ്പോൾ വിശന്നു കരഞ്ഞു തുടങ്ങിയിട്ടുണ്ടാവും.
പകൽ മുഴുവൻ  അമ്മയെ കാണാതെ മടുത്ത് ചിലപ്പോൾ 
വേലിക്കരുകിൽ വന്നു കണ്ണുനീരൊലിപ്പിക്കുന്നുണ്ടാവും.

ഒരുറക്കമുണർന്നെഴുന്നേൽക്കുമ്പോൾ
പെട്ടെന്നൊരുമിച്ചൊരു യാത്ര പോകാനുമാവില്ല...
നിന്‍റെ മകളെ പിന്നെയാര് ഊട്ടിയുറക്കും..
വെയിലത്ത് നടന്നു തളരുമ്പോൾ വഴിയരുകിലെ
കടയിൽ കയറി നാരങ്ങാവെള്ളം കുടിച്ച് ആശ്വസിക്കാനും വയ്യ
പഴയതു പോലെയല്ല തോന്നിയതെല്ലാം തിന്നും കുടിച്ചും
അസുഖമെന്തെങ്കിലും വന്നാലോ...

പഴയതു പോലെ രാത്രി പുലരുന്നതറിയാതെ
നമുക്ക്  തോന്നുന്നതെല്ലാം  സംസാരിച്ചിരിക്കാനുമാവില്ല
എന്‍റെ  ഉറക്കെയുള്ള ശബ്ദം അപ്പുറത്തുറങ്ങിക്കിടക്കുന്ന 
നിന്‍റെ മകന്‍റെ ഉറക്കം കെടുത്തിയാലോ?  

Comments

Popular posts from this blog

അയ്യന്‍ തിരുകണ്‍ഠന്‍

വെളുത്ത പൂക്കൾ

മന്ത്രവാദിനി