നമുക്ക് ദേശാടനക്കിളികളാകാം...

നേരം പുലരുമ്പോൾ നമുക്കു രണ്ടു ദേശാടനക്കിളികളാകാം... എപ്പോഴും നിർത്താതെ മിണ്ടിക്കൊണ്ടിരിക്കുന്ന, ഉടൽ നിറയെ നീലത്തൂവലുള്ള കിളികൾ.... എന്നിട്ട് പെട്ടെന്നൊരു നിമിഷത്തിൽ ആരെയും കൂട്ടാതെ പറക്കാം,
പഴയ സ്വപ്നങ്ങളുടെ ഗൂഗ്ൾ മാപ്പ് നോക്കി അറിയാത്ത വഴികളിലൂടെയെല്ലാം.... എന്നിട്ട് ഓരോ നാട്ടിലെയും പൂമരങ്ങളിൽ ഇത്തിരി നാൾ കൂടു കൂട്ടാം. വസന്തത്തിനൊപ്പം പിന്നെയും അറിയാത്ത ആകാശങ്ങളിലേക്ക് ചിറകുകൾ വീശാം.
നീലച്ചിറകുകൾ വീശിത്തളരുമ്പോൾ പരസ്പരം താങ്ങായി കടലുകള്‍ താണ്ടാം...  ഇടയ്ക്ക് മോഹിപ്പിക്കുന്ന ചെറു ദ്വീപുകളില്‍ വിശ്രമിക്കാനിറങ്ങാം... മരപ്പൊത്തുകളില്‍ തിങ്ങിയിരുന്ന് മഴ കാണാം... മഞ്ഞു പെയ്യുമ്പോൾ തണുത്ത് വിറച്ച് നിന്‍റെ ചിറകിനടിയിൽ പറ്റിച്ചേരാം....
പൂക്കളില്‍നിന്നു തേനുണ്ടും മധുരമുള്ള പഴങ്ങള്‍ പങ്കിട്ടെടുത്തും ഇടയ്ക്ക് കളിയായി കൊത്തു കൂടിയും ദേഷ്യപ്പെട്ട് നിന്നെ കൊത്തി നോവിച്ചും....
പിന്നെ, ഇലകൾ പൊഴിച്ചു നിൽക്കുന്ന മരച്ചില്ലകളിൽ തളിർത്തു പൂക്കാം. ആ പൂമണം തങ്ങി നിൽക്കുന്ന ചിറകുകളുമായങ്ങനെ പിന്നെയും പറക്കാം.
പുലരി മുതല്‍ സന്ധ്യ വരെ സ്വന്തമാവുമ്പോള്‍, ഒരുചിറകടിയില്‍ പുലരി പൂക്കുന്നതും മറു ചിറകില്‍ സന്ധ്യ ചുവക്കുന്നതും കാണാം....
തൂവലുകളിൽ നിലാവ് പൂക്കുന്ന നീല രാവുകളിൽ, പരസ്പരം കാവലായി നേരം വെളുപ്പിക്കാം.
അതിനു മുൻപ്, ഇലകൾ കൂമ്പിയ ചില്ലകളിൽ കൂടു കൂട്ടാം. കൊച്ചു ചില്ലകളും പഞ്ഞിത്തുണ്ടുകളും കുരുന്നിലകളും നിരത്തിയ കൂട്.... അവിടെ പരസ്പരം കണ്ണിലെ തിളക്കം വെളിച്ചമാക്കി കണ്ടിരിക്കാം... എന്നിട്ട് ആകാശം നോക്കിയിരിക്കാം. നക്ഷത്രങ്ങളെ കാണാം....
കണ്ണില്‍ പ്രതിഫലിക്കുന്ന നക്ഷത്രങ്ങളെ നോക്കി ചിരിക്കാം... നിലാവിന്‍റെ മധുരം മുഴുവന്‍ ഊറ്റിക്കുടിക്കാം....
അപ്പോഴായിരിക്കും മഴ പെയ്യുക. എല്ലാരും മഴ കണ്ടിരിക്കുമ്പോൾ നമുക്ക് ഇലച്ചിലുകളുടെ അരികു പറ്റി, മഴവില്ല് നോക്കി പറക്കാം.... ആ മഴവില്ലില്‍ നിന്ന് ഏഴു നിറങ്ങളും ചാലിച്ചെടുത്ത് മഴനൂലുകൾ കോർത്ത് ഓരോ കുപ്പായം തുന്നാം....
മഴ മാറുമ്പോൾ വെള്ളത്തുള്ളികൾ പെയ്യുന്ന ചില്ലകളിലിരുന്ന് കിതച്ചു കൊണ്ട് തൂവൽ ചിക്കിയുണക്കാം. അപ്പോ മഴയും മഞ്ഞും വെയിലും പിന്നെ പേരറിയാത്ത പൂക്കളുടെ ഗന്ധവും പിന്നെ നിലാവുമെല്ലാം ചിറകുകളിൽ ഘനീഭവിച്ചു കിടക്കും. മഴ പെയ്തു തോര്‍ന്നാലും കുറച്ചു നേരം മരം പെയ്യുന്നതിനു കീഴെക്കൂടി പറക്കണം. നിന്നെ ഒരിക്കൽക്കൂടി നനയിച്ചു കൊണ്ട് എന്‍റെ തൂവലിലെ നനവും പിന്നെ കുസൃതിച്ചിരിയും.... തൂവൽ ചിക്കിയുണക്കി ഇളം വെയിലേറ്റ് വര്‍ത്തമാനം പറഞ്ഞിരിക്കണം; നിർത്താതെ വര്‍ത്തമാനം പറഞ്ഞു പറഞ്ഞ്, മതി വരാത്ത പാട്ടുകൾ പാടി, വീണ്ടും പറന്നു പറന്നങ്ങനെ....
ആ ദേശാടനത്തിനിടയില്‍ നമുക്ക് പിന്നെയും തെങ്ങിന്‍ തോപ്പിനു നടുവിലേക്കു നീളുന്ന ചെമ്മണ്‍ പാതയുടെ അറ്റത്തെ വീടും, മുറ്റത്തെ കല്‍പ്പടവുള്ള കുളവും സ്വപ്നം കണ്ടു തുടങ്ങാം... പിന്നെ രണ്ടു നീലത്താമരകളായി വിടരാം...

Comments

Post a Comment

Popular posts from this blog

അയ്യന്‍ തിരുകണ്‍ഠന്‍

വെളുത്ത പൂക്കൾ

മന്ത്രവാദിനി