എനിക്കൊരു വീടു വേണം...
ഓടു മേഞ്ഞൊരു വീടു വേണം. ഉമ്മറത്ത് കോലായും കരിയൊഴിച്ചു മിനുക്കിയ തണുപ്പുള്ള ഇറയവും വേണം..ചവിട്ടു പടിക്കരികിലായി മരത്തിന്‍റെ ചെറിയ തൂണുകളും കഴുക്കോലില്‍ നിറകതിരുകളും തൂക്കണം.മുറ്റത്ത് തണലേകാന്‍ കൊന്നയും, നെല്ലിയും ,തേക്കും, കായ്ക്കാത്ത മാവുകളും വേണം.പ്രഭാതങ്ങളില്‍ പത്രവും സായാഹ്നങ്ങളില്‍ നാട്ടു വര്‍ത്തമാനങ്ങളും വേണം.
ചതുരക്കട്ടകള്‍ കൊത്തിയെടുത്ത മരവാതിലില്‍ അരിപ്പൊടിയുടെ കൈപ്പത്തികള്‍ വേണം, അകത്തു കിടന്നു മേലോട്ടു നോക്കിയാല്‍ ഓടുകള്‍ക്കിടയിലൂടെ മിന്നിമറയുന്ന എലികളെയും എട്ടുകാലികളെയും കാണണം. അക മുറികളില്‍ പഴയ പുസ്തകങ്ങളുടെ ഗന്ധം ശ്വസിക്കണം. കുത്തനെ അഴികളിട്ട ഇരുപാളികളുള്ള ജനലുകള്‍ക്കടുത്ത് ചെടിത്തലപ്പുകള്‍ തൊടണം. തഴപ്പായ തെറുത്തു വക്കാന്‍ കഴുക്കോലില്‍ കയറുകള്‍ ഞാത്തണം. അടുക്കളയില്‍ കാലു തേഞ്ഞൊരു മുട്ടിപ്പലക വേണം അത്താഴസമയങ്ങളില്‍ ഊണിനൊപ്പം വാദവും കൊഴുപ്പിക്കാന്‍ അകം നിറയെ ആളുകള്‍ വേണം പാതിയാംപുറത്തിനു താഴെ അരിപ്പക്കലത്തില്‍ നിന്നും ചോറു വിളമ്പാന്‍ അമ്മാമ്മ വേണം.
മുറ്റത്തിനപ്പുറം ചെങ്കല്‍ നിറമുള്ള വെട്ടു വഴി വേണം . ഇരു വശവും അരിപ്പൂവും വേനല്‍പ്പച്ചയും പൂത്തു നിക്കണം. ഇടവഴികളില്‍ ഓടിക്കളിക്കുന്ന കുട്ടികള്‍ വേണം വെയിലാറുന്പോല്‍ മുറ്റത്ത് കിളിമാസു കളിക്കണം.രാത്രിയില്‍ നക്ഷത്രങ്ങള്‍ പോലെ മുല്ലപ്പൂക്കള്‍ വിരിയണം
കൊയ്ത്തുകാലത്ത് മുറ്റം കിളച്ചു മറിച്ച് ചാണകം മെഴുകി മിനുക്കിയ കളങ്ങള്‍ ഉണ്‍ടാക്കണം. നിറകതിരിനൊപ്പം നാടാകെ നെല്‍ക്കറ്റയും വിയര്‍പ്പും മണക്കണം.ഇടവേളകളില്‍ വേവിച്ച കാച്ചിലും കാന്താരിമുളകും വേണം.ചായക്കൊപ്പം.. ഇത്തിരി പരദൂഷണവും വേണം. തട്ടകത്തമ്മയെ എതിരേല്‍ക്കാന്‍ അരിപ്പൊടി കോലം വരക്കണം ..ആഘോഷിക്കാന്‍ ദേശവിളക്കും തോറ്റംപാട്ടുകളും വേണം
.വീടിനു പിന്നില്‍ കണ്ണെത്താ ദൂരത്തോളെ പാടം വേണം കൊയ്ത്തുകാലത്തു എപ്പോഴും ചിലക്കാന്‍ ഇറ്റിറ്റാം കുരുവികളും കാക്കത്തമ്പുരാട്ടികളും വേണം. കൊയ്ത്തു കഴിഞ്ഞാല്‍ ബാക്കിയാവുന്ന കാലക്കിടയില്‍ നിന്നും നനഞ്ഞ മണ്ണ് എടുത്ത് കുഴച്ചു കളിക്കണം..മഴക്കാലത്ത് ഒരുമിച്ച് കരയാന്‍ ഒരുപാടു തവളകള്‍ വേണം. വെള്ളമേറും തോറും കണ്‍ടത്തിലേക്ക് ഒഴുകിയെത്തുന്ന ഏറ്റുമീനുകള്‍ വേണം .മഴ പെയ്ത് നിറയുന്പോള്‍ പാടം ചെറിയൊരു കായലായി മാറണം. വരന്പുകളില്‍ എപ്പോഴും മഴയെ കൂസാതെ ചൂണ്‍ടയുമായി കുട്ടികളും വെള്ളത്തില്‍ ഒഴുകി നടക്കുന്ന കളിചങ്ങാടങ്ങളും വേണം.
Comments
Post a Comment