സുമംഗലേച്ചി



ഒരു മലയാള മനോരമ  പത്രം മേശപ്പുറത്തുള്ളതു കൊണ്‍ടു മാത്രം റീഡിങ്ങ് റീഡിങ്ങ് റൂമെന്ന്  പേരു വീണ ഹോസ്റ്റലിലെ ആ കുഞ്ഞു മുറിയില്‍ വച്ചാണ് സുമംഗലേച്ചിയെ ആദ്യം കാണുന്നത്.ആകെ രണ്‍ടു മേശയും മൂന്നു നാലു കസേരകളുമുള്ള മുറിയില്‍ എന്നും ഒരേ സ്ഥലത്ത് ആരോടു മിണ്‍ടാതെ തടിച്ച പുസ്തകങ്ങളിലേക്ക് തല പൂഴ്ത്തിയിരിക്കും.  ഭയങ്കര കര്‍ക്കശ സ്വഭാവക്കാരിയായിരിക്കുമെന്ന് കരുതി ഭയ ഭക്തി ബഹുമാനങ്ങളോടെയാണ് ആ വശത്തേക്ക് നോക്കുക പോലും ചെയ്തിരുന്നത്. സര്‍ക്കാര്‍ ജോലിക്കാരിയാണ് വീട്ടിലങ്ങനെ പോകാറില്ല അതില്‍കൂടുതല്‍ ആര്‍ക്കുമൊന്നുമറിയില്ല. വായനയും വര്‍ത്തമാനവുമായി ഏറെ വൈകിയ ഒരു രാത്രിയിലാണ്  സുമംഗലേച്ചി  പാട്ടു പാടിയത്. അത്ര നല്ല ഗായികയൊന്നുമല്ല... കിളിയെപോലുള്ള കുഞ്ഞുശബ്ദം പക്ഷേ പാടുന്നത് ഹൃദയത്തില്‍ നിന്നാണ്.. പഴയ ഹിന്ദി മെലഡി കഭി കഭി മേരേ ദില്‍ മേം....ആ ഒരൊറ്റ പാട്ടല്ലാതെ വേറൊരു പാട്ടും ചേച്ചി പാടുന്നത് ഞാന്‍ കേട്ടിട്ടില്ല.
 സുമംഗലേച്ചിയുടെ അരികില്‍ എപ്പോഴും ഒരു ബോക്സില്‍ പേനയും പെന്‍സിലും റബറും സ്കെയിലും അങ്ങനെ എല്ലാ വസ്തുക്കളുമുണ്‍ടാകും ആരോടും ഒന്നും കടം ചോദിക്കില്ല. ആരു ചോദിച്ചാലും കൊടുക്കുകയുമില്ല .. ചോദിച്ചാല്‍ മുഖത്തു നോക്കി പറയും തരില്ലെന്ന്... ചോദിക്കുന്നവന്‍ അന്തം വിട്ടു പോകും ഇതെന്തൊരു ജന്മം.... അവര്‍ അങ്ങനെയായിരുന്നു. റീഡിങ്ങ് റൂമിലെ സ്ഥിരം കക്ഷികളെന്ന നിലയിലൊന്നുമല്ല... ഉറക്കെ സംസാരിച്ചും ചിരിച്ചും മനുഷ്യനെ പ്രാന്തു പിടിപ്പിക്കുന്ന കുട്ടികള്‍ എന്ന നിലയില്‍ അത്യാവശ്യം നല്ല ദേഷ്യത്തോടെ തന്നെയാണ് ചേച്ചി ഞങ്ങളെ നോക്കിയിരുന്നത്. ശബ്ദം ഉയരുന്പോള്‍ പലപ്പോഴും കീപ്പ് സൈലന്‍സ് പറഞ്ഞ് വായടപ്പിച്ചു.അങ്ങനെ അങ്ങനെ എങ്ങനെയെന്നറിയില്ല  ഞങ്ങളുമായി മാത്രം ചേച്ചി കൂട്ടായി... ഞങ്ങള്‍ക്കു മാത്രം വായിക്കാന്‍ പുസ്തകങ്ങള്‍ തന്നു ആര്‍ക്കും കൊടുക്കാതെ തനിക്കു മാത്രമായി കരുതിയിരുന്ന പേനയും പേപ്പറും റബറും കട്ടറും സ്കെയിലും എല്ലാം ഞങ്ങള്‍ മാത്രം എടുത്തുപയോഗിച്ചു.   ഓഫീസിലും അങ്ങനെതന്നെയാണ് ഞാന്‍ ഭയങ്കര സാധനാ ആരോടും ഇണങ്ങില്ലെന്ന് രഹസ്യമായി അവര്‍ ഞങ്ങളോട് പറഞ്ഞു. അതെന്താ അങ്ങനെയെന്ന് ഞാന്‍ ചോദിച്ചില്ല ആരും ചോദിച്ചില്ല..അവരുടെ ജീവിതം അവരുടെ ഇഷ്ടം അത്ര തന്നെ.അവരുടെ   കയ്യിലെ സ്വകാര്യ പുസ്തക ശേഖരത്തില്‍ നിന്ന് പേരെഴുതി വച്ച് വേറാര്‍ക്കും കോടുക്കരുതെന്ന് ആവര്‍‌ത്തിച്ചു പറഞ്ഞ് അവര്‍ ഞങ്ങള്‍ക്കു മാത്രം പുസ്തകങ്ങള് കടം തന്നു.  ചോദിച്ചില്ലെങ്കിലും ഞങ്ങളുടെ കയ്യിലുള്ള പുസ്തകങ്ങളെല്ലാം ചേച്ചിയെ കൊണ്‍ടു വായിപ്പിക്കാന്‍ ഞങ്ങളും ശ്രമിച്ചു. ചിലതൊക്കെ വായിച്ചു. ചിലതെല്ലാം വേണ്‍ടെന്നു പറഞ്ഞു. അങ്ങനെ റീഡിങ്ങ റൂമിലെ ഞങ്ങളുടെ ശബ്ദവിളയാട്ടം തടയാന്‍   ആരുമില്ലാതെയായി.  സുമംഗലേച്ചി  സൈലന്‍സ് പറഞ്ഞാലും ഇല്ലെങ്കിലും ഞങ്ങല്‍ ബഹളം വക്കും... സൈലന്‍സ് പറഞ്ഞ് മടുത്ത്  സുമംഗലേച്ചി  തന്നെ പറഞ്ഞ ആരു കേള്‍ക്കാന്‍...സുമംഗലേച്ചി മിക്ക സമയവും റീഡിങ്ങ്റൂമിലായിരിക്കും റൂമിലുള്ള എല്ലാവരുമായി മുട്ടന്‍ വഴക്കാണെന്നും അവളുമാരുടെ മുഖം കാണാതിരിക്കാനാണ് എപ്പോഴും ഇവിടെ വന്നിരുന്ന് നിങ്ങളെ സഹിക്കുന്നതെന്നും  സുമംഗലേച്ചി പറയാറുണ്‍ട്.. നല്ല ഭംഗിയുള്ള കോട്ടണ്‍ സാരികള്‍ അലക്കി സ്റ്റിഫ്നെര്‍ മുക്കി കഴിയുന്പോള്‍ വലിച്ചു കുടയാന്‍ മാത്രമാണ് രേണുകേച്ചി ഞങ്ങളെ തേടിയിരുന്നത്. ഞങ്ങളെ മാത്രം ..വേറൊന്നിനും ആരുടെയും സഹായം വേണ്‍ട എല്ലാം സ്വയം ചെയ്യും.വീട്ടുകാരെക്കുറിച്ചു പറഞ്ഞപ്പോള്‍ ഒരിക്കല്‍ പറഞ്ഞു അച്ഛനുമമ്മയും മരിച്ചു പോയി ഭര്‍ത്താവിനെ ഡൈവോഴ്സ് ചെയ്തു. കാരണം പറഞ്ഞില്ല ചോദിച്ചുമില്ല എന്തിനു ചോദിക്കണം???? സഹോദരന്മാരുണ്‍ട് സഹോദരിമാരും എല്ലാവരും കുടുംബമായി താമസിക്കുന്നു ആരുമായും സഹകരിക്കാന്‍ പറ്റില്ല ഞാന്‍ ഭയങ്കര സാധനാ അതു കൊണ്‍ട് ഹോസ്റ്റലുകളില്‍ കഴിയുന്നു.ഓണത്തിനു മാത്രം തറവാട്ടിലുള്ള സഹോദരന്‍റെ വീട്ടില്‍ പോകും പിറ്റേദിവസം തന്നെ തിരിച്ചു വരും ഓണത്തെ കുറിച്ച് ചോദിച്ചാല്‍ സഹോദരന്‍റെ മക്കളെയടക്കം എല്ലാവരെയും ചീത്ത പറയും.  സുമംഗലേച്ചി  അങ്ങനെയാണ്.അങ്ങനെ പറയുന്ന കൂട്ടത്തില്‍ ഒരു പദേശവും തന്നു ഒരൊറ്റ പുരുഷന്മാരെയും വിശ്വസിക്കരുത് എല്ലാവരും ദുഷ്ടന്മാരാ... മറിച്ച് ആരും ഒന്നും പറഞ്ഞില്ല.. ആയിരിക്കും ആവാനാണ് സാധ്യതയെന്ന് മനസ്സില്‍ കരുതി.കഴുത്തിലെ കുഞ്ഞിമാലയില്‍ വിരലോടിച്ചു കൊണ്‍ട്  സുമംഗലേച്ചി പറഞ്ഞു.കണ്‍ടോ താലിയിടുന്നതെനിക്കെന്തിഷ്ടമായിരുന്നെന്നോ സമ്മതിച്ചില്ല ദുഷ്ടന്‍ പോയപ്പോള്‍ അതും പറിച്ചോണ്‍ടു പോയി... കണ്ണികളിലെന്തായിരുന്നു.. സങ്കടമോ ദേഷ്യമോ നിരാശയോ അതോ ഇനിയും ബാക്കിയുള്ള സ്നേഹമോ അറിയില്ല..എഴുത്തിന്‍റെ ഇടവേളകളില്‍ ഹോസ്റ്റലിന്‍റെ പ്രണയം മിടിക്കുന്ന ഇടനാഴികള്‍ക്കഭിമുഖമായി ഗോവണിപ്പടിയിലിരുന്ന് സുമംഗലേച്ചി കരയുന്നത് ഞാന്‍ കാണാറുണ്‍ട്.ഒരു തേങ്ങല്‍ പോലും പുറത്തു കേള്‍ക്കാതെ കവിളിലൂടെ കണ്ണീര്‍ ഒഴുകിക്കൊണ്‍ടിരിക്കും. കരയുന്നതെന്തിനെന്ന് ആരും ചോദിക്കാറില്ല ചീത്ത പറയുമെന്ന ഉറപ്പുള്ളതുകൊണ്‍ട് ഞാനും ചോദിക്കാന്‍ മെനക്കെട്ടില്ല.. അല്ലെങ്കില്‍ തന്നെ കരയാതിരിക്കാന്‍ അവര്‍ക്കെന്തെങ്കിലും കാരണങ്ങളുണ്‍ടെന്ന് എനിക്ക് തോന്നിയിട്ടുമില്ല..ചിലപ്പോള്‍ ഗോവണിയിലിരുന്ന് നീട്ടമില്ലാത്ത ഇത്തിരി മുടി ഇരുവശത്തും വകഞ്ഞ് മെടഞ്ഞ്   മടക്കികെട്ടിവച്ചു. കാണുന്നവരെല്ലാം അടക്കിചിരിക്കുംമുന്പില്‍ നിന്നു ചിരിക്കാന്‍ ആര്‍ക്കും ധൈര്യമുണ്‍ടായിരുന്നില്ല...ഓരോന്നു പറയുന്ന കൂട്ടത്തില്‍ ഓഫീസിലെ വിശേഷങ്ങളെക്കുറിച്ചും ചേച്ചി പറഞ്ഞു തുടങ്ങി. അങ്ങനെയൊരിക്കല്‍ പുതിയൊരു പയ്യന്‍ ഓഫീസില്‍ ജോയിന്‍റ് ചെയ്തു.24- 25 വയസ്സു പ്രായം വരും മിടുക്കന്‍ എല്ലാരെയും കയ്യിലെടുത്തു  ചേച്ചി മാത്രം ഉടക്കി നില്‍പ്പാണ്      പുതിയൊരു ശല്യം വന്നിട്ടുണ്‍ട് അവനിന്നലെ എന്‍റ് സ്കെയില്‍ ചോദിച്ചു പുതിയ ആളല്ലെന്നു കരുതി ഞാന്‍ കൊടുത്തു. ഇന്നും ചോദിച്ചു തരില്ല സ്വന്തമായി വാങ്ങണമെന്നു മുഖത്തു നോക്കി പറഞ്ഞു. അവന്‍ ചമ്മി പോയി. അവന്‍ വെറുതേ എന്നോടു സംസാരിക്കാന്‍ വേണ്‍ടി നടക്കാ ഞാനൊന്നും മിണ്‍ടില്ല ഹും ചേച്ചി അനിഷ്ടത്തോടെ മുഖം തിരിച്ചു. ചുമ്മാ ഒരു രസത്തിന് ഞങ്ങള്‍ എന്നും അവന്‍റെ വിശേഷങ്ങള്‍ ചോദിച്ചു എന്നും അവന് ഓരോ കൊട്ടു കൊടുക്കുന്നത് ചേച്ചി‌യിങ്ങനെ പറഞ്ഞു ഞങ്ങളിങ്ങനെ ഇരുന്ന് ചിരിച്ചു വെറുതെ അവന്‍റെ പക്ഷം പിടിച്ചു..  ഇടക്കൊക്കെ അമര്‍ത്തിയൊന്നു മൂളിപരസ്പരം നോക്കി തലകുലുക്കി... ചേച്ചിയും ചിരിക്കും ചീത്തയും പറയും ... പിന്നെ പിന്നെ ഞങ്ങള്‍ ചോദിച്ചില്ലെങ്കിലു അവന്‍റെ വിശേഷങ്ങള്‍ പറയാന്‍ തുടങ്ങി ഞങ്ങളെ കണ്‍ടില്ലെങ്കില്‍ തിരക്കി വന്നു പറയാന്‍ തുടങ്ങി. ഒരിത്തിരി നാളത്തേക്ക് ചേച്ചി ഒരു കൗമാരിക്കാരിയെ പോലെയായിരുന്നു. കണ്ണുകളില്‍ മുന്പില്ലാത്ത തിളക്കം...എപ്പോഴും പാട്ടു പാടും  മുടിത്തുന്പില്‍ എപ്പോഴും കാറ്റു കൂടുകൂട്ടി..         ഗോവണിയിലൂടെ പ്രായം മറന്ന് ഓടിയിറങ്ങി   ചുണ്‍ടില്‍ എപ്പോഴും പുഞ്ചിരി പൂത്തു നിന്നു  നിര്‍ത്താതെ സംസാരിച്ചു...ഞങ്ങളൊന്നു  പരിഭ്രമിച്ചു. എന്തങ്കിലും പ്രശ്നം ഉണ്‍ടോ...പഴയെ പോലെ ഞങ്ങള്‍ പ്രോത്സാഹിപ്പിക്കാതെയായപ്പോള്‍  ചേച്ചി തന്നെ പറഞ്ഞു അവനെന്നോടു പ്രേമമാണെന്നാ തോന്നണത്. ഞങ്ങള്‍ ഭയന്നു നല്ലോണം ഭയന്നു.. അവനു പ്രേമമാണെങ്കിലും അല്ലെങ്കിലും പ്രശ്നമാകും ...  ടെറസിലെ ഇരുട്ടിലിരുന്ന് നക്ഷത്രങ്ങളെ സാക്ഷിയാക്കി ഞങ്ങള്‍ അദ്ഭുതപ്പെട്ടു ഇതു പ്രണയമാണോ...ഇതു തന്നെയാണോ പ്രണയം ..അല്ലെങ്കിലും പ്രണയമിങ്ങനെയാണ് അസ്ഥാനത്ത് കേറി വരും എല്ലാം കലക്കിമറിക്കും....    പക്ഷേ കുഴപ്പമൊന്നുമുണ്‍ടായില്ല..അവന്‍ ട്രാന്‍സ്ഫര്‍ ആയി പോയി. . ചേച്ചി വീണ്‍ടും പഴയ പോലെയായി. അങ്ങനെയൊരു സംഭവമേ ഉണ്‍ടാകാത്ത മട്ടില്‍ ചെറിയൊരു ആശ്വാസ നെടുവീര്‍പ്പോടെ ഞങ്ങള്‍ സംസാരിച്ചു കൊണ്‍ടിരുന്നു.


Comments

  1. എനിക്കു തോന്നുന്നു ഏറെ നോവിച്ച ചില സങ്കടങ്ങള്‍ക്കൊടുവില്‍ അവര്‍ സ്വയമണിഞ്ഞ മുഖം മൂടിയാണാ പരുക്കന്‍ ഭാവമെന്ന്. ഇടവേളകളില്‍ മാത്രമായി സൌഹൃദം തിരിനീട്ടുന്നതും മറ്റാരോടുമില്ലാത്ത പ്രണയത്തോടെ പുസ്തകങ്ങള നെഞ്ചോട് ചേര്‍ക്കുന്നതും എല്ലാം അതുകൊണ്ടായിരിക്കാം. 'എന്നെയാര്‍ക്കും വേണ്ട എന്റെ പണം മാത്രം മതി' യെന്ന് സ്വകാര്യമായി പങ്കുവച്ച നോവും ള്ളപ്പോള്‍ ഒറ്റപ്പെടാതെന്തു വഴി?

    ReplyDelete

Post a Comment

Popular posts from this blog

അയ്യന്‍ തിരുകണ്‍ഠന്‍

വെളുത്ത പൂക്കൾ

മന്ത്രവാദിനി