Posts

Showing posts from 2017
അന്നത്തെ പോലെ വെട്ടു വഴിയിലേക്ക് ഇരുൾ വീഴുന്നതും ഒരു പകലിന്‍റെ മുഴുവൻ കാത്തിരുപ്പും അലിയിച്ചു ചേർത്ത  സുഗന്ധവുമായി പുല്ലാനി പ്പൂക്കൾ വിടർന്നു തുടങ്ങുന്നതുമറിയാതെ   മണിക്കൂറുകളോളം  വഴിയോരത്ത് നിന്ന് വർത്തമാനം പറയാനാവില്ല... വീട്ടിൽ നിന്‍റെ മകൻ ചിലപ്പോൾ വിശന്നു കരഞ്ഞു തുടങ്ങിയിട്ടുണ്ടാവും. പകൽ മുഴുവൻ  അമ്മയെ കാണാതെ മടുത്ത് ചിലപ്പോൾ  വേലിക്കരുകിൽ വന്നു കണ്ണുനീരൊലിപ്പിക്കുന്നുണ്ടാവും. ഒരുറക്കമുണർന്നെഴുന്നേൽക്കുമ്പോൾ പെട്ടെന്നൊരുമിച്ചൊരു യാത്ര പോകാനുമാവില്ല... നിന്‍റെ മകളെ പിന്നെയാര് ഊട്ടിയുറക്കും.. വെയിലത്ത് നടന്നു തളരുമ്പോൾ വഴിയരുകിലെ കടയിൽ കയറി നാരങ്ങാവെള്ളം കുടിച്ച് ആശ്വസിക്കാനും വയ്യ പഴയതു പോലെയല്ല തോന്നിയതെല്ലാം തിന്നും കുടിച്ചും അസുഖമെന്തെങ്കിലും വന്നാലോ... പഴയതു പോലെ രാത്രി പുലരുന്നതറിയാതെ നമുക്ക്  തോന്നുന്നതെല്ലാം  സംസാരിച്ചിരിക്കാനുമാവില്ല എന്‍റെ  ഉറക്കെയുള്ള ശബ്ദം അപ്പുറത്തുറങ്ങിക്കിടക്കുന്ന  നിന്‍റെ മകന്‍റെ ഉറക്കം കെടുത്തിയാലോ?  

നമുക്ക് ദേശാടനക്കിളികളാകാം...

Image
നേരം പുലരുമ്പോൾ നമുക്കു രണ്ടു ദേശാടനക്കിളികളാകാം... എപ്പോഴും നിർത്താതെ മിണ്ടിക്കൊണ്ടിരിക്കുന്ന, ഉടൽ നിറയെ നീലത്തൂവലുള്ള കിളികൾ.... എന്നിട്ട് പെട്ടെന്നൊരു നിമിഷത്തിൽ ആരെയും കൂട്ടാതെ പറക്കാം, പഴയ സ്വപ്നങ്ങളുടെ ഗൂഗ്ൾ മാപ്പ് നോക്കി അറിയാത്ത വഴികളിലൂടെയെല്ലാം.... എന്നിട്ട് ഓരോ നാട്ടിലെയും പൂമരങ്ങളിൽ ഇത്തിരി നാൾ കൂടു കൂട്ടാം. വസന്തത്തിനൊപ്പം പിന്നെയും അറിയാത്ത ആകാശങ്ങളിലേക്ക് ചിറകുകൾ വീശാം. നീലച്ചിറകുകൾ വീശിത്തളരുമ്പോൾ പരസ്പരം താങ്ങായി കടലുകള്‍ താണ്ടാം...  ഇടയ്ക്ക് മോഹിപ്പിക്കുന്ന ചെറു ദ്വീപുകളില്‍ വിശ്രമിക്കാനിറങ്ങാം... മരപ്പൊത്തുകളില്‍ തിങ്ങിയിരുന്ന് മഴ കാണാം... മഞ്ഞു പെയ്യുമ്പോൾ തണുത്ത് വിറച്ച് നിന്‍റെ ചിറകിനടിയിൽ പറ്റിച്ചേരാം.... പൂക്കളില്‍നിന്നു തേനുണ്ടും മധുരമുള്ള പഴങ്ങള്‍ പങ്കിട്ടെടുത്തും ഇടയ്ക്ക് കളിയായി കൊത്തു കൂടിയും ദേഷ്യപ്പെട്ട് നിന്നെ കൊത്തി നോവിച്ചും.... പിന്നെ, ഇലകൾ പൊഴിച്ചു നിൽക്കുന്ന മരച്ചില്ലകളിൽ തളിർത്തു പൂക്കാം. ആ പൂമണം തങ്ങി നിൽക്കുന്ന ചിറകുകളുമായങ്ങനെ പിന്നെയും പറക്കാം. പുലരി മുതല്‍ സന്ധ്യ വരെ സ്വന്തമാവുമ്പോള്‍, ഒരുചിറകടിയില്‍ പുലരി പൂക്കുന്നതും മറു ച