Posts

Showing posts from 2015

യാത്ര

Image
കൂടി വന്നാല്‍ രണ്ടു മണിക്കൂര്‍, അതിലധികം നീണ്ടു പോകാത്തൊരു യാത്ര...എത്തുമ്പോഴെത്തട്ടേ എന്നു കരുതി അലസമായി ഓടിപ്പോകുന്നൊരു ഓഡിനറി കെഎസ്ആര്‍ടിസി ബസില്‍...തുരുമ്പു പിടിച്ച ജനലഴികള്‍ക്കരികിലെ രണ്ടു പേര്‍ക്കു മാത്രം ഇരിക്കാവുന്ന സീറ്റില്‍ ഞാനും നീയും...പിന്നെ നമുക്കിടയില്‍ ഇതുവരെയും പറയാതെ മാറ്റി വച്ച നൂറു നൂറു വര്‍ത്തമാനങ്ങളും.... പുഴകള്‍ക്കു മുകളിലൂടെ പാടങ്ങളെ ചുറ്റി ആള്‍ക്കൂട്ടങ്ങളും വിജനതയും കടന്ന് നമ്മള്‍ യാത്ര ചെയ്തു കൊണ്ടിരിക്കും. അപ്രതീക്ഷിതമെങ്കിലും തികച്ചും സ്വാഭാവികമായൊരു യാത്രയെന്ന ഭാവത്തിലായിരിക്കും ഞാന്‍...എങ്കിലും നിന്റെയോരോ വാക്കുകളെയും നിശ്വാസത്തെ പോലും പുറത്തെ കാറ്റിലേക്കു നഷ്ടപ്പെടുത്താതെ സ്വന്തമാക്കിക്കൊണ്ടിരിക്കും...ഇടക്കിടെ നിര്‍വികാരത നിറഞ്ഞ വാക്കുകള്‍ കൊണ്ടും ശൂന്യമായ ചിരി കൊണ്ടും ഞാന്‍ എന്നെ തന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ടിരിക്കും...യാത്രക്കൊടുവില്‍ അല്ലെങ്കില്‍ വേണ്ട...ആ യാത്ര അവസാനിക്കാതെ അങ്ങനെ തുടര്‍ന്നു കൊണ്ടിരിക്കട്ടെ...

അപ്പോഴെന്തോ അങ്ങനെയെല്ലാം..

അപ്പോഴെന്തോ പതിവു പോലെ നിശബ്ദയായിരിക്കാന്‍ എനിക്കു കഴിഞ്ഞില്ല....ഞാന്‍ മനസുകൊണ്ടു സംസാരിക്കുകയും ആ വാക്കുകളില്‍ ചിലത് ഉരുകിയൊഴുകിയ ഈയത്തുള്ളികളെ പോലെ എന്നെന്നേക്കുമായി എന്റെ ഹൃദയത്തില്‍ പറ്റിപ്പിടിക്കുകയും ചെയ്തു. ആ നിമിഷം മുതല്‍  ഞാന്‍ ഒരു കഥയിലെ നായികയായി മാറി. എനിക്കു ചുറ്റും കാറ്റാഞ്ഞു വീശുന്ന പുല്‍മേടുകളും മഞ്ഞു പെയ്യാത്ത താഴ് വരകളും വലിയൊരു പൂക്കാലവും ഉണ്ടായി...ഒപ്പം തീരാത്ത പ്രശ്‌നങ്ങളുടെ കുരുക്കുകളും.. അതിനു ശേഷം പിന്നീടൊരിക്കലും എത്ര മേല്‍ ആഗ്രഹിച്ചിട്ടും അതു പോലൊരു നിമിഷം ഉണ്ടായില്ല. പഴയതു പോലെ ഞാന്‍ പലതും പറയാന്‍ മടിക്കുന്ന ചിലതെല്ലാം പകുതിയില്‍ നിര്‍ത്തി പിന്‍തിരിയുന്ന, കൃത്യസമയത്തിനെങ്ങുമെത്തിച്ചേരാത്ത എന്തേ ഇങ്ങനെയെന്നു ചോദിച്ചാല്‍ ഉറക്കെ വഴക്കടിക്കുന്ന കഴമ്പില്ലാത്ത പെണ്‍കുട്ടിയായി. കണ്‍ തുറന്നിരുന്ന് കാണുന്ന ഒരു കോടി സ്വപ്‌നങ്ങളില്‍ ചിലതെല്ലാം ശരിക്കും സംഭവിച്ചുവെന്നു തന്നെ കരുതി ചുറ്റുപാടും മിഴിച്ചു നോക്കി നഷ്ടബോധത്തില്‍ ഉഴറുന്ന കഴിവില്ലാത്ത പെണ്‍കുട്ടി....