Posts

Showing posts from April, 2013

എനിക്കൊരു വീടു വേണം...

Image
ഓടു മേഞ്ഞൊരു വീടു വേണം. ഉമ്മറത്ത് കോലായും കരിയൊഴിച്ചു മിനുക്കിയ തണുപ്പുള്ള ഇറയവും വേണം..ചവിട്ടു പടിക്കരികിലായി മരത്തിന്‍റെ ചെറിയ തൂണുകളും കഴുക്കോലില്‍ നിറകതിരുകളും തൂക്കണം.‌മുറ്റത്ത് തണലേകാന്‍ കൊന്നയും, നെല്ലിയും ,തേക്കും, കായ്ക്കാത്ത മാവുകളും വേണം.പ്രഭാതങ്ങളില്‍ പത്രവും സായാഹ്നങ്ങളില്‍ നാട്ടു വര്‍ത്തമാനങ്ങളും വേണം. ചതുരക്കട്ടകള്‍ കൊത്തിയെടുത്ത മരവാതിലില്‍ അരിപ്പൊടിയുടെ കൈപ്പത്തികള്‍ വേണം, അകത്തു കിടന്നു മേലോട്ടു നോക്കിയാല്‍ ഓടുകള്‍ക്കിടയിലൂടെ മിന്നിമറയുന്ന എലികളെയും എട്ടുകാലികളെയും കാണണം. അക മുറികളില്‍ പഴയ പുസ്തകങ്ങളുടെ ഗന്ധം ശ്വസിക്കണം. കുത്തനെ അഴികളിട്ട ഇരുപാളികളുള്ള ജനലുകള്‍ക്കടുത്ത് ചെടിത്തലപ്പുകള്‍ തൊടണം. തഴപ്പായ തെറുത്തു വക്കാന്‍ കഴുക്കോലില്‍ കയറുകള്‍ ഞാത്തണം. അടുക്കളയില്‍ കാലു തേഞ്ഞൊരു മുട്ടിപ്പലക വേണം അത്താഴസമയങ്ങളില്‍ ഊണിനൊപ്പം വാദവും കൊഴുപ്പിക്കാന്‍ അകം നിറയെ ആളുകള്‍ വേണം പാതിയാംപുറത്തിനു താഴെ അരിപ്പക്കലത്തില്‍ നിന്നും ചോറു വിളമ്പാന്‍ അമ്മാമ്മ വേണം. മുറ്റത്തിനപ്പുറം ചെങ്കല്‍ നിറമുള്ള വെട്ടു വഴി വേണം . ഇരു വശവും അരിപ്പൂവും വേനല്‍പ്പച്ചയും പൂത്തു നിക്കണം. ഇടവഴികളില്‍ ഓട