ആശുപത്രി നാളുകൾ
കൗമാരം വിടാത്ത കുട്ടികളാണ് മറ്റൊരു സങ്കടം. അതു വരെ സെൽഫിയുടെയും പ്രണയഗാനങ്ങളുടെയും സൗഹ്യദങ്ങളുടെയും ലോകത്തു ജീവിച്ചിരുന്നവർ പെട്ടെന്ന് അച്ഛന്റെ യോ അമ്മയുടെ യോ വിരൽ തുമ്പിലേക്ക് ചുരുങ്ങും. സൂചി തറച്ചു വച്ച കൈത്തണ്ടയിൽ നിന്ന് പിടിവിടാതെ പ്രിയപ്പെട്ടവരുടെ രോഗക്കിടക്കയ്ക്ക് അരികിൽ .... കൗമാരത്തിന്റെ സ്വതവേയുള്ള ആശങ്കകൾക്കിടയിലേക്ക് വല്ലാത്ത നിർവികാരത കൂടി കലരും. അതു വരെ ചിറകിനു കീഴിൽ കൊണ്ടു നടന്നിരുന്നവർ പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്നതും ചീത്ത വിളിക്കുന്നതും വേദനിച്ച് കരയുന്നതും കണ്ട് ഒന്നും മിണ്ടാനാകാതെ ഒപ്പം നിൽക്കേണ്ടി വരും. ഇടക്കിടെയുള്ള മരണങ്ങളുo നിലവിളികളും നിറഞ്ഞു നിൽക്കുന്ന വാർഡിലൂടെ മൂത്ര പാത്രങ്ങളുമായി പല തവണ നടക്കേണ്ടി വരും. സൂചി വലിച്ചൂരി വീട്ടിലേക്കു പോകണമെന്നു വാശി പിടിക്കുന്നവരെ ഒപ്പമുള്ള മുതിർന്ന ബന്ധുക്കൾ ശകാരിക്കുന്നത് കേട്ട് നിൽക്കേണ്ടി വരും. ഈ വലിയ രോഗത്തിനെ പ്രതിരോധിക്കാൻ മാത്രമുള്ള പണമോ പക്വതയോ ആരോഗ്യ മോ ഇല്ലാത്ത തീരുമാനങ്ങളെടുക്കാൻ ശേഷിയില്ലാത്ത ചിലപ്പോഴൊക്കെ മുതിർന്ന ചിലപ്പോഴൊക്കെ വെറും കുട്ടികൾ മാത്രമായവർ.