യാത്ര
കൂടി വന്നാല്‍ രണ്ടു മണിക്കൂര്‍, അതിലധികം നീണ്ടു പോകാത്തൊരു യാത്ര...എത്തുമ്പോഴെത്തട്ടേ എന്നു കരുതി അലസമായി ഓടിപ്പോകുന്നൊരു ഓഡിനറി കെഎസ്ആര്‍ടിസി ബസില്‍...തുരുമ്പു പിടിച്ച ജനലഴികള്‍ക്കരികിലെ രണ്ടു പേര്‍ക്കു മാത്രം ഇരിക്കാവുന്ന സീറ്റില്‍ ഞാനും നീയും...പിന്നെ നമുക്കിടയില്‍ ഇതുവരെയും പറയാതെ മാറ്റി വച്ച നൂറു നൂറു വര്‍ത്തമാനങ്ങളും.... പുഴകള്‍ക്കു മുകളിലൂടെ പാടങ്ങളെ ചുറ്റി ആള്‍ക്കൂട്ടങ്ങളും വിജനതയും കടന്ന് നമ്മള്‍ യാത്ര ചെയ്തു കൊണ്ടിരിക്കും. അപ്രതീക്ഷിതമെങ്കിലും തികച്ചും സ്വാഭാവികമായൊരു യാത്രയെന്ന ഭാവത്തിലായിരിക്കും ഞാന്‍...എങ്കിലും നിന്റെയോരോ വാക്കുകളെയും നിശ്വാസത്തെ പോലും പുറത്തെ കാറ്റിലേക്കു നഷ്ടപ്പെടുത്താതെ സ്വന്തമാക്കിക്കൊണ്ടിരിക്കും...ഇടക്കിടെ നിര്‍വികാരത നിറഞ്ഞ വാക്കുകള്‍ കൊണ്ടും ശൂന്യമായ ചിരി കൊണ്ടും ഞാന്‍ എന്നെ തന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ടിരിക്കും...യാത്രക്കൊടുവില്‍ അല്ലെങ്കില്‍ വേണ്ട...ആ യാത്ര അവസാനിക്കാതെ അങ്ങനെ തുടര്‍ന്നു കൊണ്ടിരിക്കട്ടെ...